പണം റീഫണ്ട് ചെയ്യാത്തതിനാൽ ബൈജൂസ് ഓഫീസിലെത്തി ടിവി കൊണ്ടുപോയി

ഉപയോഗിക്കാത്ത കോഴ്സിനും ടാബിനും നിരവധി തവണ റീഫണ്ട് ആവശ്യപ്പെട്ടിട്ടും തിരികെ കിട്ടാത്തതിനെ തുടർന്ന് മാതാപിതാക്കള്‍ ബൈജൂസ് ഓഫീസില്‍ എത്തി ടിവി എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മാതാവ് സമീപത്ത് നിൽക്കുന്നതും പിതാവും മകനും ചേർന്ന് ഓഫീസിനുള്ളിൽ കയറി ടിവി ഇളക്കിയെടുക്കുന്നതും കാണാം. ആഴ്ചകളായി റീഫണ്ടിന്റെ കാര്യത്തിൽ പരിഹാരം ഉണ്ടാകാത്തതിനെത്തുടർന്ന് ക്ഷുഭിതരായ മാതാപിതാക്കൾ ഓഫീസിൽ കയറി ടിവി എടുത്തുകൊണ്ടു പോവുകയായിരുന്നു.

നിങ്ങൾ റീഫണ്ട് നൽകുമ്പോൾ ഈ ടിവി തിരിച്ചു തരാമെന്നും കുടുംബം ജീവനക്കാരോട് പറയുന്നതായും വീഡിയോയിൽ കാണാം. 

പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പ്രതികരണങ്ങളും ഈ വീഡിയോയ്ക്ക് താഴെ ആളുകൾ പങ്കുവെച്ചിട്ടുണ്ട്.

വിദേശനാണ്യ നിയമങ്ങളുടെ ലംഘനം ആരോപിച്ച് നവംബറിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ബൈജൂസ് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചതും വാർത്തയായിരുന്നു. ബൈജുവിന്റെ മൂല്യം 2022 ന്റെ തുടക്കത്തിൽ 22 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ബില്യണ്‍ ഡോളറായാണ് കുറച്ചത്.


Post a Comment

Previous Post Next Post